ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Wednesday 29 June 2011

                കാണാമറയത്തെ ബാല്യം
 
 
 
അന്നാദ്യമായ് കിനാവിന്റെ
മണിമഞ്ചലിലിരുന്നു ഞാന്‍
അന്നേതോ രാക്കിളി പാടിയ
പാട്ടുമിന്നോര്‍ക്കുന്നു...
കാണാമറയത്തെ ബാല്യ-
മെന്ന രാക്കിളി നൊമ്പരം
ആഘര്‍ഷണ ബലമോ,
ആത്മ നൊമ്പരമോ...
ബാല്യ തരംഗം എന്നില്‍
നിന്നകന്നുപോയ്
അക്ഷരമുറ്റം ഓര്‍മയായ് മാഞ്ഞു
പണ്ടെങ്ങോ നെയ്ത
കുസൃതി തന്‍ പൂങ്കുടയും
അന്നേതോ കരം നീട്ടിയ
മുല്ലതന്‍ വള്ളിയും
ഓര്‍മയായ് എന്നില്‍ നിന്നകന്നുപോയ്
തുമ്പിയെകൊണ്ടു കല്ലെടുപ്പിച്ചും
മഴയില്‍ കുതിര്‍ന്നു നിന്നതും
അന്തിനേരമിരുട്ടും നേരം
കാട്ടുചോലകളില്‍ ചാഞ്ചായി മതിച്ചതും
എന്‍ ഹൃത്തിലെന്നും ഓമനയായ്
പെയ്തിറങ്ങി...
കാണാത്ത നൊമ്പരങ്ങള്‍ കാണുവാന്‍
കാത്തിരുന്ന പൂവിളികള്‍ കോര്‍ത്തിണക്കുവാന്‍
എന്നിലെന്നും ഹൃദയതരംഗം മൂളുവാന്‍
പണ്ടു കാല ബാല്യ കഥയിന്നുമോര്‍ക്കുന്നു ഞാന്‍
നിറഞ്ഞ കണ്ണിലൂടെ മറഞ്ഞ ബാല്യം
എന്നില്‍ കാഴ്ച തീര്‍ത്ത ബാല്യ നൊമ്പരം
കുസൃതി തന്‍ ബാല്യപ്പടക്കം പോല്‍
ഞാന്‍ ഇനിയുമെത്തിപ്പിടിപ്പിക്കുമെന്‍
ആത്മ നൊമ്പരത്തില്‍...

Tuesday 28 June 2011

                   ഉപ്പാന്‍റെ ഗള്‍ഫ് ജീവിതം


ചുട്ടുപൊള്ളുന്ന മണല്‍ത്തിട്ട-
തന്‍ മാറിലൂടെ
നടന്നു നീങ്ങി കാലങ്ങള്‍ അത്രയും.
വേദനയില്‍ വിയര്‍പ്പുറ്റി വീണു-
ജീവിതവും വിയര്‍പ്പായ്-
ഒലിച്ചുപോയ്.
കുടിനീരിനായ് കൊതിച്ച-
കൈകളോ , വിണ്ണിന്‍ ചേലുകണ്ട്-
മനം തുള്ളവേ-
പ്രാര്‍ത്ഥനയോടെ കഴിച്ചു കൂട്ടിയ
രാപ്പകലുകള്‍ അത്രയും-
വിശപ്പിനാല്‍ മരുന്നു തേടി,
അലയുന്ന പക്ഷിയെപ്പോലെ.
അന്ന് - കണ്ണീരുകൊണ്ട് തുടച്ച-
നിലമത്രയും- മിന്നിത്തിളങ്ങുന്ന,
ചുമരുകള്‍ പോലെയാകവേ,
കത്തിയെരിയുന്ന സൂര്യനു കീഴിലായ്
ചുട്ടുനീറി ജോലികള്‍ തീര്‍ക്കവേ
രോഗിയായ് - ജീവിതം പടുത്തുയര്‍ത്തി.
ഇതൊക്കെയും കഠിനമാം ജോലികള്‍,
എങ്കിലും ജീവിതം പടുക്കുവാനുള്ള
തന്ത്രികള്‍ - ഇതോയൊള്ളു-
ആശ്വാസമേകുവാന്‍.
ഇത്തിരി തണലിനായ്-
കൊതിച്ചതോ തെറ്റ് ?
ഇത്തിരി സുഖത്തിനായ്
അലഞ്ഞതോ തെറ്റ് ?
മാറോടണച്ചു വേദനയുള്ളിലൊതുക്കി,
ജീവിതം വലിച്ചിഴച്ചു പിതാവാ-
വിദേശമില്‍.
നൂലുപൊട്ടിത്തെറിക്കുന്ന-
മാലമുത്തുപോലെ നാളേറെ
ജീവിതവും പൊട്ടിത്തകര്‍ന്നൂ...
കൂട്ടിനാരുമില്ലാതെയാ
ചുടുമണല്‍ക്കാട്ടില്‍
വേദനയത്രയും സഹിച്ചു - എന്റെ
പൊന്നുപ്പ എത്രയോ
നളുകള്‍ വെന്തുരുകീ വിദേശമില്‍
                                                 സ്നേഹം
                                                           കെ.വി. രാജന്‍
                                                            അധ്യാപകന്‍


അരിയെന്നതു കേട്ടാല്‍പ്പിന്നെ
അരിപോലുമടുത്തുവരുന്നൂ.
ഒരു കുഞ്ഞിനു വയറു നിറയ്ക്കാന്‍
അരിയെത്ര വേണന്നല്ലേ ?
അരിയില്ലാതുള്ളൊരു കാര്യം
തുണിയില്ലാത്തതുപോലല്ലല്ലോ.
അരിയും തുണിയും ഒന്നിച്ചായാല്‍
പൊറുതിമുറുക്കാനതു മതിയാകും.
അതുകൊണ്ടാണധികാരികളും
അരിയെത്തൊട്ടു കളിച്ചതുകേട്ടോ.
മര്‍മ്മം തൊട്ടുകളിക്കണമെങ്കില്‍
അരിയെത്തൊട്ടുകളിക്കണമല്ലോ
അതുനന്നായിട്ടറിയാവുന്നവരാണധികാരി
കളെന്നോര്‍ത്തീടേണം.
ഇന്നലെ ഞാനഞ്ചുകിലോയരി
തൂക്കിക്കൊണ്ടൊന്നു പറഞ്ഞൂ
അരിയെന്നതു കേട്ടാല്‍പിന്നെ
അരിപോലുമടുത്തുവരുന്നൂ.
മലയാളികളൊന്നുചിരിക്കും
അരിയില്ലാതുള്ളൊരു കാര്യം
ഇനിയധികം ദീര്‍ഘംവേണ്ട.
കളിയില്ലാ ലോകം കാണും
കുട്ടികളെ കാണും നേരം ;
എപ്പോഴും ട്യൂഷന്‍മാത്രം ;
എപ്പോഴും ക്യാമ്പുകള്‍ മാത്രം ;
ഓണത്തിന്‍ നാളുകള്‍ വേണ്ട ;
മാവേലി മന്നന്‍ വേണ്ട മലയാള-
നാട്ടിന്റെ ഉത്സവമൊന്നും വേണ്ട.
വലുതും ചെറുതും പെരുനാളുകള്‍
കടലാസിന്നോര്‍മ്മയിലാകും .
ആര്‍ത്തികള്‍ വീര്‍ത്തുള്ളോരു
മനുഷ്യന്റെ കണ്ണുകള്‍ മാത്രം.
സ്നേഹത്തിന്‍ കോലിമയുള്ളൊരു
ജീവികളെ കാണുന്നില്ല.
അരി വിളയിക്കാനാളും വേണ്ട.
പാടങ്ങളൊന്നം വേണ്ട.
മണ്ണിട്ടു നികത്തിനിറയ്ക്കാന്‍
തക്കം കാത്തു കഴിഞ്ഞൊളുന്നു ;
സാമാന്യ ജനത്തിന്‍ കഞ്ഞിയി-
ലവരുടെയുത്തമ ഹൃത്തിലുമെല്ലാം.
കളിയല്ല പറഞ്ഞീടുന്നത്
കണ്ടിട്ടു മടുത്തു പറഞ്ഞീടുന്നു.
ഒരോരോ ഹൃദയത്തിലുമൊന്നായി
ട്ടൊന്നു ചികഞ്ഞു,ചികഞ്ഞു
ചികഞ്ഞു മടുത്തു ഞാനെന്നി-
ട്ടെന്‍ മനസ്സിലുമാഞ്ഞുവലിച്ചു-
ചികഞ്ഞപ്പോളൊന്നായിട്ടൊന്നു
മറിഞ്ഞു തിരിഞ്ഞു ജ്വലിച്ചു.
സ്നേഹത്തിന്‍ പാളികളൊന്നായി
ട്ടൊന്നു തികഞ്ഞു ജ്വലിച്ചു.
വയറുവിസക്കുന്നൊരു കുട്ടി
ക്കവനുടെ മുമ്പില്‍ അരിയായും
തുണിയായും എത്തും സ്നേഹം.


                            തലയെണ്ണല്‍



അധികാരികളുടെ നിര്‍ദ്ദേശത്താല്‍
തലയെണ്ണാനായെന്നെ വിളിച്ചു.
പാണ്ടിക്കാടിനുമപ്പുറമുള്ളൊരു
കുന്നിന്‍ മുകളില്‍ കെട്ടിയുയര്‍ത്തിയ
ഒറവം പുറത്തെ സ്കൂളിലുമെത്തി.
ഇരുപത്തൊന്നു മുറികളിലങ്ങനെ
ക്ലാസുകളങ്ങു നടന്നീടുന്നു.
ഒന്നും രണ്ടും മൂന്നും നാലുമഞ്ചും
ആറും ഏഴും ക്ലാസുകളങ്ങനെ
നന്നായങ്ങനെ പോയീടുന്നു.
അറുനൂറോളം കുട്ടികളുള്ളൊരു
ഒറവംപുറത്തെ കാഴ്ചകളങ്ങനെ
കണ്ടാലങ്ങനെ കേമം തന്നെ.
പത്തേമുക്കാലാവുന്നരം
എണ്ണാനായിട്ടേഴാം ക്ലാസില്‍
ചെന്നൊരു നേരം കുട്ടികളങ്ങനെ
അത്ഭുതമങ്ങനെ കൂറുംന്നേരം
അവരോടായി ചൊല്ലീ ഞാനും
നിങ്ങടെ തലയെണ്ണാനായ് വന്നൂ ഞാനും.
ഓടിക്കേറിച്ചാടിക്കേറി നടന്നൂ
കണക്കുകളെല്ലാം പേപ്പറിലാക്കി
പ്രവേശനത്തിന്‍ രേഖയിലെല്ലാം
ടി.സി ബുക്കിലുമെല്ലാം
പരിശോധിക്കാനുള്ളൊരുബുക്കില്‍
ഒപ്പുകള്‍ നീട്ടി വലിച്ചു കുറിച്ചൂ.

കെ.വി. രാജന്‍
അധ്യാപകന്‍
                                പുലരിപ്പാട്ട്


എന്നുമെന്‍ സ്വപ്നപ്പുലരി കാണാന്‍
ഊണുമുറക്കമിളച്ചിരുന്നു
നാളുകളേറെക്കടന്നുപോയി
കാലങ്ങള്‍ നീളേയുരുണ്ടുപോയി
തോടും പുഴയുമൊഴുകിപ്പോയി
എന്‍ സ്വപ്നമൊന്നും ഫലിച്ചതില്ല.
എന്തു പറയേണ്ടു കൂട്ടുകാരേ ?
സ്വപ്നത്തിലുള്ള പുലരി കാണാന്‍
എന്നും കൊതിപൂണ്ടിരുന്നു ഞാനും.
ആരേയുമാരും ഭരിച്ചിടാത്ത
എല്ലാര്‍ക്കും എല്ലാം ലഭിച്ചിടുന്ന
പുത്തന്‍ പുലരി ഞാന്‍ സ്വപ്നം കണ്ടു.
ആസ്തിക്യം കൈമുതലായിട്ടുള്ള
കര്‍മ്മത്തെ മര്‍മ്മമായ് കണ്ടിട്ടുള്ള
ഭാരത നാട്ടിലാണെന്റെ ജന്‍മം.
ക്രിസ്തുവും കൃഷ്ണനുമുള്ള നാട്ടില്‍
ഗാന്ധിയും ഗോഡ്സേയുമുള്ള നാട്ടില്‍
വേദന തിന്നു വളര്‍ന്നു ഞാനും.
വാല്‍മീകി യോഗീ ജനിച്ച നാട്ടില്‍
ദാസനും ദണ്ടിയുമുള്ള നാട്ടില്‍
കാളിയും ദാസനുമുള്ള നാട്ടില്‍
പേരും പെരുമയുമുള്ള നാട്ടില്‍
കേളികേട്ടുള്ളൊരു ഭാരതത്തില്‍
ഭാരതനാട്ടിലെ കേരളത്തില്‍
കീര‍ത്തികളെങ്ങും പരന്നിരുന്നു.
അറബിലും റോമിലും കേട്ടിരുന്നു
വാണിജ്യമെല്ലാം നടന്നിരുന്നു.
ഭാരതനാട്ടിലക്കാലത്തിങ്കല്‍
ബാബറുമക്ബറും വാണിരുന്നു.
അക്കാലമാളുകള്‍ സ്വപ്നം കണ്ടു
പൊന്നും പുലരികള്‍ കാണ്‍മതിനായ്
ഇന്നു വരും നാളെ മറ്റന്നാളായ്
കോഴിക്കു മുലകള്‍ വരുന്നപോലെ
മുയലിന് കൊമ്പ് മുളയ്ക്കും പോലെ
എന്തു ഞാന്‍ ചൊല്ലേണ്ടു കൂട്ടുകാരേ
പൊന്നിന്‍ പുലരികള്‍ കാണ്‍മതിനായ്
വീണ്ടും ജനതകള്‍ കാത്തിരുന്നു.

കാറ്റുകളെല്ലാം മറിഞ്ഞുവീശി
ബുദ്ധികളെല്ലാം സ്വരൂപിച്ചിട്ട്
യന്ത്രങ്ങളൊന്നായ്പ്പിറന്നു വീണു
വെള്ളക്കാരെല്ലാമിടയരായി
ഭാരത മക്കളാമാടുകളെ
ഒന്നിച്ചുനിന്നു തെളിച്ചിരുന്നു.
പൊന്നും പുലരികള്‍ കാണ്‍മതിനായ്
അന്നും ജനങ്ങള്‍ കൊതിച്ചിരുന്നു.

കെട്ടുകള്‍ പൊട്ടിച്ചെറിയാനായി
ഒന്നിച്ചു നിന്നു കഴിഞ്ഞിരുന്നു
ഗാന്ധിതന്‍ നേതൃത്വമേറ്റുവാങ്ങി
ശാസ്ത്രങ്ങളില്ലാതടര്‍ക്കളത്തില്‍
ശാസ്ത്രമെന്നമ്പു തൊടുത്തുവിട്ടു,
വീര്യം പറഞ്ഞുള്ള വെള്ളക്കാരും
മുട്ടുമടക്കി മുടന്തി നിന്നു.
അപ്പോഴും കൂരിരുട്ടായിരുന്നു
അധികാരം സായിപ്പിന്‍ കൈയ്യില്‍നിന്നും
കാക്കി സായിപ്പിന്റെ കൈയ്യിലെത്തി
പൊന്നും പുലരികള്‍കാണ്‍മതിനായ്
അന്നും ജനങ്ങള്‍ കൊതിച്ചിരുന്നു.
പുലരി വിരിഞ്ഞില്ല പിന്നെയൊന്നും
വാഗ് ദാനമെല്ലാം മറഞ്ഞിരുന്നു.
കൂരിരുട്ടിന്റെ നിറങ്ങളെല്ലാം
ഏറ്റം കുഞ്ഞു നിരന്നുനിന്നു.


കെ.വി. രാജന്‍
അ‍ധ്യാപകന്‍

മലയാളം

വായനാ വാരത്തോടനുബന്ധിച്ച് (ജൂണ്‍ 19 – 26 P.N. പണിക്കര്‍ ചരമ ദിനം )2011-12. പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ് ലെ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ സാഹിത്യ മത്സരങ്ങളില്‍ നിന്ന്
മലയാളം
                                                           ഷെമിന ഷെറിന്‍ . ടി .ടി 
                                                                         8 H

ആദ്യമായ് ഞാനുണരവെ-അന്നേരം
മനസ്സില്‍ പതിഞ്ഞ ഈരടിയെന്‍ മലയാളം
പിച്ച വെച്ചയോരോ നാളിലും
എന്‍ കളിത്തോഴനായെന്നും മലയാളം
ആദ്യമായ് ഞാന്‍ ഹരിശ്രീ-
കുറിച്ചതും മലയാളത്തിലല്ലൊ
മൃദുലമെന്‍ പിഞ്ചു പാദങ്ങളെ
കഴുകിത്തുടച്ചതും മലയാളം
ആദ്യമായ് ഞാന്‍ അറിവു-
തന്‍ പൊന്നക്ഷരമെഴുതിയതും-
മലയാളത്തിലല്ലോ
മലയാളമാണെന്നമ്മയും
മലയാളമാണെന്‍ കിനാവും
സുന്ദരമാണെന്‍ - മലയാളമണ്ണും,
മലയാളനാടും, മലയാള ശൈലിയും
എന്നതുമെന്‍ ഹൃദയത്തിലെ ജീവശ്വാസമല്ലൊ
എന്നുടെ ഹൃത്തിലെ ജീവനായെന്നും മലയാളം
ഏഴു വര്‍ണ്ണങ്ങള്‍ ചാലിച്ച മഴവില്ലിനും,
നിറമാര്‍ന്ന-നക്ഷത്ര കോണുകള്‍ക്കു പോലുമുണ്ടോ
മലയാളം തന്‍- സൗഭാഗ്യമാം
പലനിറമാര്‍ന്ന പ്രകാശചന്തം !!!

   

വായനാ വാരത്തോടനുബന്ധിച്ച്  (ജൂണ്‍ 19 – 26  P.N. പണിക്കര്‍ ചരമ ദിനം )2011-12. പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ് ലെ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ സാഹിത്യ മത്സരങ്ങളില്‍ നിന്ന്
വസുന്ധര

ഒരു സായാഹ്ന സന്ധ്യയില്‍
നദിയെന്ന തായേ നിന്നില്‍
നീരാടി രസിക്കാനായ് വന്ന
ഞാന്‍ കണ്ടൂ
ആ വൈചിത്രമാം ദൃശ്യം.
നിസ്തേജയാം ഒരു സ്ത്രീ രൂപം
എന്നരികിലേക്കായ് വന്നണയുന്നു.
മൃത്യു പുല്‍കിയ ദേഹമെന്നു
ഞാന്‍ നിനക്കവേ,
പതിയെ ആ മിഴികള്‍ ചലിച്ചൂ.
ഭയന്ന ഞാന്‍ പതിയെ
പിറകോട്ടു നീങ്ങി.
പിന്നെ നിങ്ങളാരെന്നു
പതിയെ ആരാഞ്ഞൂ.
ആ മിഴികള്‍ ചലിച്ചു
കൂടെ വറ്റിവരണ്ട ചുണ്ടും.
തപ വസുന്ധര യീ
ലോകത്തിന്‍ തായ
സുഭഗമാം മമ ജീവന്‍
ഹനിച്ചൂ ക്രൂരരെന്‍
മക്കള്‍ കുന്നും പുഴയും
ക്ഷിപ്രമൊരു വേളയില്‍
അപ്രത്യക്ഷമായ്
പച്ചപുതൊച്ചൊരാ
വയലേലകള്‍
ഉയര്‍ന്ന കെട്ടിട സമുച്ചയത്തില്‍
മുഖം മൂടിയണിഞ്ഞൂ.
സമ്പന്നമാം മമ ജീവനിന്നു
ലോക ദാരിദ്രത്തിന്‍ കീഴില്‍
നന്മ മാത്രം നല്‍കിയൊരീയമ്മയ്ക്കു
മാനവനെന്നൊരു ക്രൂരമാം മക്കള്‍
കണ്ണീരിന്‍ നൂല്‍പ്പാലം-
തന്‍ ജീവ ക്ലേശങ്ങള്‍മൊഴിയവേ
ആ രൂപം പതിയെ
നദിയിലലിഞ്ഞു പോയ്
ഒരു മാത്ര ഞാനാ നദിയെ
നോക്കി നിന്നൂ
വസുന്ധര ! വിചിത്രമാം പേര്

ഗോപിക.എം
8 E

Friday 24 June 2011

മിന്നാമിനുങ്ങുകള്‍


ദീപം...ദീപം
നിലവിളക്കുമായ് പൂമുഖത്തു വന്നമാലിനിയുടെ ശബ്ദം കേട്ടപ്പോഴാണ് സന്ധ്യയായത് അറിയുന്നത്.
അക്ഷരങ്ങള്‍ അവ്യക്തമായപ്പോള്‍ കസേര മുറ്റത്തേക്കിട്ടിരുന്നായി വായന. പേരു കേട്ട തറവാട്ടില്‍ പിറന്നിട്ടും ഉന്നത ബിരുദങ്ങള്‍‍ നേടിയിട്ടും, ജീവിത സായാഹ്നത്തില്‍ അന്തിയുറങ്ങാന്‍ പോലും ഇടമില്ലാതെ അലയുന്ന സാവിത്രിയമ്മയെ കുറിച്ചുള്ള ഫീച്ചര്‍ മുഴുവന്‍ വായിച്ചു തീര്‍ത്തു.

സാവിത്രിയമ്മയ്ക്ക് വീടും ധന സഹായവും വാഗ്ദാനം ചെയ്ത് ധാരാളം വ്യക്തികളും സംഘടനകളും മുന്നോട്ടു വരും. ആ വാര്‍ത്തകളുമായിട്ടായിരിക്കും ഇനിയുള്ള ദിവസങ്ങളിലെ പത്രങ്ങള്‍ പുറത്തിറങ്ങുക. പത്രം മടക്കിവെച്ച് കണ്ണടച്ച് കുറെ നേരമിരുന്നു. സാവിത്രിയമ്മ – കര്‍മഫലം - ദൈവം. ചിന്തകള്‍ കാടുകയറി. കണ്ണുതുറന്ന മെറുതെ അനന്തതയിലേക്ക് നോക്കി. അരണ്ട വെളിച്ചത്തില്‍ ഒരു പറ്റം പറവകള്‍ ചേക്കേറാനുള്ള ചില്ലകള്‍ തേടിപ്പോകുന്ന അവസാനത്തെ പക്ഷികള്‍. പറഞ്ഞുകേട്ടതും പാടിക്കേട്ടതും ഓര്‍മ്മയിലേക്കെത്തി. ആകാശത്തിലെ പറവകളെ നോക്കൂ. അവ വിതയ്ക്കുന്നില്ല. കൊയ്യുന്നില്ല,അന്തിയുറങ്ങാന്‍ ഇടമില്ലാത്ത പ്രശ്നം അവയ്ക്കില്ല. അതുകൊണ്ടാവും അവയെ കുറിച്ച് ആരും ഫീച്ചര്‍ എഴുതാത്തത്. " അച്ഛനെന്താ മുറ്റത്തിരുന്ന് ആലോചിച്ച് കൂട്ടുന്നത് ". കൊഴിഞ്ഞ പിച്ചകപ്പൂക്കള്‍ പെറുക്കുകയും കൊഴിയാനായവ ഇറുക്കുകയും ചെയ്യുന്ന നിരഞ്ജനയുടേതാണ് ചോദ്യം. മറുപടി ഒന്നും പറഞ്ഞില്ല. ഇന്ന് ദൈവത്തിന് എന്റെ വക പ്രത്യേക മാലയുണ്ട്. അവള്‍ ആരേടെന്നില്ലാതെ പറഞ്ഞു. " ഏട്ടന്റെ നാളത്തെ പരീക്ഷ എളുപ്പമാകാനാണോ മോളെ ദൈവത്തിന് മാല ?"

അതിനു മാത്രമല്ല, എല്ലാത്തിനും. എല്ലാത്തിനും എന്നതുകൊണ്ട് അവള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചില്ല. എല്ലാം എന്നാല്‍ എന്തൊക്കെ ഉള്‍പ്പെടും എന്ന് 12 വയസ്സേ ഉള്ളുവെങ്കിലും അവള്‍ക്ക് നന്നായി അറിയാം. " പൂവിറുക്കുമ്പോള്‍ അതിന് വേദനിക്കില്ലെ മോളെ? ".
    " പിന്നില്ലാതെ; അതുകൊണ്ടല്ലെ ഞാന്‍ ഈ നേരത്ത് പൂവിറുക്കുന്നത് ". അപ്പോള്‍ മോള്‍ നേരത്തെ പൂവിറുക്കാറില്ലെ.? " ഇല്ല ".
കൊള്ളാം, നല്ല കുട്ടി. മോള് അച്ഛന്‍ തന്ന സ്വാമിജിയുടെ ഉപദേശാമൃതം വായിച്ചിരിക്കും !. " ഞാനത് ഇതുവരെ തുറന്നു നോക്കിയിട്ടില്ല " .മറുപടി കേട്ടപ്പോള്‍ ആദ്യം അമ്പരന്നെങ്കിലും നിരഞ്ജനയെ കുറിച്ച് അഭിമാനമാണ് തോന്നിയത്. ആട്ടെ, ഏതു ദൈവത്തിനാ മോളെ ഇന്നത്തെ മാല? നമ്മുടെ ദൈവത്തിന്. നമ്മുടെ ദൈവമെന്നുവെച്ചാല്‍ ? എന്റെയും അച്ഛന്റെയും ദൈവം. അമ്മയുടെയും ഏട്ടന്റെയും ദൈവം. നിരഞ്ജന പെട്ടന്ന് വാചാലയായി. " എല്ലാവരുടെയും ദൈവം ഒന്നാണോ മോളെ? .എനിക്കറിയില്ലച്ഛാ.എനിക്കറിയില്ല " .എന്ന കണ്ടെത്തലാണു മോളെ പരമമായ അറിവ്. ഉം, തുടങ്ങി അച്ഛന്റെ വേദാന്തം.
ഏറെ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. അന്തരീക്ഷത്തില്‍ മിന്നമിനുങ്ങുകള്‍ മങ്ങിയും തെളിഞ്ഞും സഞ്ചരിക്കുന്നുണ്ട്.ഇരുട്ടിനെ കീറിമുറിക്കുന്ന രജതരേഖകള്‍. നിരഞ്ജന ശേഖരിച്ച പൂക്കള്‍കൊണ്ട് ശ്രദ്ധയോടെ മാലകെട്ടുകയാണ്. അവളുടെ മുഖത്തെ സംതൃപ്തിയും നിഷ്ക്കളങ്കതയും മറയ്ക്കാന്‍ ഒരു ഇരുട്ടിനും കഴിയില്ല.
ജി. സാബു.
അധ്യാപകന്‍.
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം

Thursday 23 June 2011

അടിക്കുറിപ്പ് മത്സരം


ചിത്രത്തിന് അടിക്കുറിപ്പ് നിര്‍മ്മാണം' - കുട്ടികളുടെവക വിലമതിക്കാനാവാത്ത ഓണസമ്മാനം

കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ, കുട്ടികളിലെ ഭാവനാ വിലാസവും , സൃഷ്ട്യൂന്മുഖതയും വെളിച്ചത്തുകൊണ്ടുവരുവാന്‍ ഏറ്റവും ഉചിതമായഒരു പ്രവര്‍ത്തനമാണ് 'അടിക്കുറിപ്പ് നിര്‍മ്മാണം.' അടിക്കുറിപ്പ് തയ്യാറാക്കാന്‍ നല്‍കുന്ന ചിത്രത്തിന്റെ തെരഞ്ഞെടുപ്പാണ് ഈ പ്രവര്‍ത്തനത്തിന്റെ മര്‍മ്മം. ചിത്രം തന്നില്‍ ഉണര്‍ത്തിയ ഭാവങ്ങള്‍ , ചിത്രം നമ്മോടു സംസാരിക്കിന്നത് തുടങ്ങി ചിത്രത്തിന്റെ ആത്മാവു കണ്ടെത്തല്‍ വരെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുന്ന അടിക്കുറിപ്പുകളില്‍ ഉണ്ടാകും .ഒരേ കാര്യത്തെ ഓരോ കുട്ടിയും ഓരോ രീതിയിലാണ് ദര്‍ശിക്കുന്നതെന്ന് ; കുറേക്കൂടി ഗഹനമായി പറഞ്ഞാല്‍ , “ നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്താണോ അതാണ് നാം നമുക്കു ചുറ്റും പ്രക്ഷേപിക്കുന്നത് എന്ന സത്യം അനുഭവിച്ചറിയാന്‍ ഓരോ കുട്ടിക്കും അവസരം നല്‍കുന്ന പ്രവര്‍ത്തനമാണിത്. പൂക്കോട്ടുംപാടം G.H.S.S. ല്‍ 2010 – ലെ ഓണാഘോഷങ്ങളുടെ ഭാഗമായി അടിക്കുറിപ്പ് നിര്‍മ്മാണത്തിന് ഒരു ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍സമയം സമീപത്തു വെച്ചിരുന്ന പെട്ടിയില്‍ കുട്ടികള്‍ തയ്യാറാക്കിയിട്ട 300 – ല്‍ പരം അടിക്കുറിപ്പുകള്‍ ഓരോന്നും വായിച്ചുനോക്കിയപ്പോള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്ക് അമ്പരപ്പും , അഭിമാനവും ഒക്കെയാണ് തോന്നിയത്. മുരുകന്‍ എന്ന കര്‍ഷകന്‍ സ്വന്തം വീട്ടുവളപ്പില്‍നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും , മാതൃഭൂമി ദിനപത്രത്തില്‍ ' നിന്റെ വമ്പൊന്നും എന്നോടുവേണ്ട ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചതുമായ ചിത്രവും , അതിന് പൂക്കോട്ടും പാടം ജി. എച്ച് . എസ്. എസ്സിലെ ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ അടിക്കുറിപ്പുകളില്‍ ചിലതു ശ്രദ്ധിക്കുക.
ചിത്രം:adikkuripp2.jpg
വേഗം പൊട്ട് തൊട്ട് താടീ......... എനിക്ക് കല്ല്യാണത്തിന് പോണം. (ഗായത്രി. ഒ.എസ് , 9 സി.)
ദിവ്യമീ സംഗമത്തിന് മുള്‍ചെടികളേ സാക്ഷി - (ഹാരിഫ. എ 10 H)
കൊത്തുമോ, അതോ കുത്തുമോ ? ആകെ കണ്‍ഫ്യൂഷനാകുന്നല്ലോ ?. - (ഗ്രീഷ്മ.M- 9. A)
ഇങ്ങനെയും ഒരു ചങ്ങാത്തം - (ആതിര .C -9. E)
നോക്കണ്ട കല്ല്യാണം കഴിഞ്ഞതാ.....! - (അജയന്‍ .C - 10 .D)
ഒളിച്ചിരിക്കുകയാണല്ലേ ? കണ്ടുപിടിച്ചല്ലോ...! (നിധിന്‍ രാജ്. P- 10. G)
നിനക്കെന്നെ അത്രക്ക് ഇഷ്ടപെട്ടുവോ ? -(ഷിഫാന. A. P -10 . H)
എന്റെ പശുവമ്മേ ഇങ്ങനെ നോക്കല്ലേ ; എനിക്ക് നാണമാകുന്നു. - (സുരഭി. P – 8 K)
കളിയല്ലിത് , കാര്യം '- (ഷിഫാന. T- 10 L)
ഓണമല്ലേ സുഹ്രത്തേ ? ക്ഷമിച്ചു കള ! - (മുനവര്‍ . C. K- 10 E)
കൊത്തുകയാണോ ചേട്ടാ , കുത്തു കിട്ടും കേട്ടോ ! -( ആര്യ സാംബന്‍ - 9 B )
പശുവിനും പാമ്പ് കൂട്ട് ; നമുക്ക് ആര് കൂട്ട് ? - (അമൃത . V – 10 H)
എന്തേ , പേടിയാവുന്നോ മനുഷ്യാ ? നീ വഴിമാറി സഞ്ചരിച്ചുകാണും...! (മുഹമ്മദ് ഷാബിന്‍ - 9 D )
വിരിപ്പു നട്ടാല്‍ വലിയണം ; മുണ്ടകന്‍ നട്ടാലോ - മുങ്ങണം ; ഓര്‍മ്മയില്ലേ ?( ആതിര. T – 10 . C )
ഇങ്ങനെയുമുണ്ടോ  ? ഫ്രണ്ട്ഷിപ്പ് ! ( മനീഷ. P – 9 H )
ഓണത്തല്ല് നമ്മള്‍ തമ്മിലാവാം അല്ലേ ? (തസ്നീം - 9 D )
കണ്ണാടിയല്ലിത് ....; ഇങ്ങനെ നോക്കാന്‍  ! ( മര്‍ഷൂദ് - 10 D)
ങേ ! എന്റെ കഴുത്തില്‍ കിടക്കുന്ന കയറെങ്ങനെ ഇവിടെ എത്തി ? ( രഞ്ജിഷ . p – 8 F)
'ഓണത്തിന്റെ ഐക്യവുമായി ഇവരും ' ( നിഖില്‍ . K T -10 H)
'ജീവിക്കൂ.....ജീവിക്കാനനുവദിക്കൂ.........' ( ഷംനാസ് . K -10 B )
'നാണംകെടുത്തല്ലേടാ ......,' ( വിഷ്ണു . O -9 H )
കണ്ണിലുറുമ്പു പോയി....കാണുന്നുണ്ടോ , എടുത്തുതരാന്‍ ? ( ആന്‍സിജ . K. P- 10 D )
പിന്നെ ,എന്തൊയുണ്ട് കുട്ടുകാരാ ....വിശേഷങ്ങള്‍ ? (അഞ്ജു. K -10 K )
നീയാര് .....? ഭീകരനോ ? (അപര്‍ണ . V -9 A)
ആണാണെങ്കില്‍ നോക്കി പേടിപ്പിക്കാതെ .കൊത്തെടാ................(അജയ്ദേവ് . 9 E)
താനൊറ്റയ്ക്കാണോടേ ? ഭാര്യയും മക്കളും എവിടെ പോയി......? (ഹരീഷ് . C- 9 C)
ങ്ഹാ!...നീയായിരുന്നോ?.....പുല്ലാണെന്ന് വിചാരിച്ച് ഇപ്പം തിന്നേനേ......(സൗമ്യ .K 10 .G)
നമ്മള്‍ തമ്മില്‍ ഒരു യുദ്ധം വേണോ .....സുഹൃത്തേ ....?(സെല്‍മാന്‍ ഫാരിസ് - 9.M)
ഈ സുന്ദരി സുനദ്ധിനിയ്ക് എന്റെ വക ചന്തം നിറഞ്ഞ ഒരു പൊട്ടിട്ടാലോ....?(Tincy Abraham .8 G)
എന്നെ കൊത്തിയാല്‍ .....നിന്നെ ഞാന്‍ കുത്തും ......(ഷിപിന്‍ . M- 10. H)
'ഓണത്തിന് എത്തിയ കൂട്ടുകാര്‍ '(വിശാഖ് -10 .J)
'സഹകരിക്കുമോ'...?(ഷാന്‍. V . P-10 K)
പാലു തരാം .......കുറച്ചു പല്ലു തരുമോ.....?( സഹദ്. C- 10. D )
കണ്ണുരുട്ടി പേടിപ്പിക്കാതെടീ......!(ഫസ്ല മോന്‍ -10. D )
ദേ...എന്റെ കഞ്ഞിയില്‍ പാറ്റയിടല്ലേടാ.....പുന്നാര മോനേ.....(ഷാഹില്‍ .K -9 . A)
"പ്ലീസ്....ഞാനും ജീവിച്ചു പൊയ് ക്കോട്ടേ.....”(
തന്റെ പത്തിക്ക് ലേശം വീതി കൂടിയോ എന്നൊരു സംശയം...!(അഖില്‍ ദേവ്. P- 8.F )
' ഇവന്‍ ശത്രുവോ ,........മിത്രമോ....? (സഫ്വാന്‍. E . K – 9 F)'
'ഹും.....പീക്കിരി പയ്യന്റെ ഹുങ്കേ ; ‍ഞെളിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും അവനാണിവിടുത്തെ രാജാവെന്ന് ....'(Dilna . P- 8. C )
ഇങ്ങനെ നോക്കല്ലേ !......നാണമാകുന്നു '( വിദ്യ. M – 8 .K )
കൊത്തല്ലേ .....പാമ്പേ .... ഞാനും ഓണ സദ്യ കഴിച്ചോട്ടേ....!( രാഗിന്‍. M-10. H )
കണ്ണും കണ്ണും കഥകള്‍ കൈമാറും മുഹൂര്‍ത്തം ....(സുജിത്ത്. T- 10 . H )
ഓണമൊക്കെ എങ്ങനുണ്ടെടേ............? (തസ്നിം - 9 . D )
'ഹരം പകര്‍ന്ന് ......!' )തസ്നിയ . M -10 B )
പുതിയ വിശേഷങ്ങളുമായി ഇങ്ങനെ ചിലര്‍ രംഗത്ത് (ഫസ്ന. 9, K )
കളിയെങ്കില്‍ .....കളി ; യുദ്ധമെങ്കില്‍ യുദ്ധം......വെറുതേ നോക്കി വിരട്ടല്ലേ....?(സിദ്ധാര്‍ത്ഥ് . 10. C )
കൊത്തെടാ...കൊത്ത്...നിന്റെ ഒടുക്കത്തെ ഒരു നോട്ടം! ഒരു പുല്‍ക്കൊടി കഴിയ്ക്കാനും സമ്മതിക്കരുത്.....(Sanju. K – 9 . D )
ഹും ...എന്റെ ഭക്ഷണത്തില്‍ കേറിനിന്ന് അഹങ്കരിക്കുന്നോ ? ഇറങ്ങടാ.... താഴെ.... “ ( മീര . V. P- 9 . K )
“ പത്തി കൊള്ളാം ....കാണട്ടെ നിന്റെ ഉശിര്......(ജൗഹര്‍. M. K -9 .D)
“ചതിക്കല്ലേ ........ചങ്ങാതീ......”(ഷിഫാന. M- 9. M)
“സൗഹാര്‍ദത്തിന്റ ഉത്തമ മാതൃകകള്‍ - ഇങ്ങനെ പലഭാവങ്ങളില്‍ പിറക്കുന്നു "-(അബുല്‍ സ്വാലിഹ്. -8 .D)
"ഈ ഓണത്തിന് നെറ്റിയില്‍ കുറിയിടാന്‍ ഞാനും.”( സിയാന ബീഗം . P.- 10. H )
“ നമ്മള്‍ ഇരുവരും 'പരമേശ്വരന്റെ ' അടുത്ത ആളുകളല്ലേ...... ചങ്ങാതീ.....?“(ജിതിന്‍ സക്കരിയ. -10. C)
എടാ ഭയങ്കരാ....., നീ ഇവിടേയും വന്നോ ...?-(മിസ്ന. 9. F)
പശുവിനെന്തേ ....കണ്ണ് കണ്ടൂടേ....?(വിജിന. - 10 . D )
ചേരയെന്ന മിത്രത്തെ താനറിയും; സര്‍പ്പത്തെ അറിയണോ?(ജനീഷി. A. P- 8. H )
ഹും,...ങഹും ........ചോദിക്കേണ്ട , പാലു തരില്ല.....”( വിഷ്ണുദേവ്. K- 10. D )
നോക്കി പേടിപ്പിക്കല്ലേ ....?ഞാനങ്ങു പേടിച്ചു പോകും ......!(അനുഷ. M- 10 . C)
' ഈ നിമിഷം അല്‍പം കാര്യം'( ഷിജി. 10. F )
എന്റെ ദൈവമേ ....!ഇവനെ ഞാന്‍ ഇപ്പോള്‍ തന്നെ തിന്നേനേ...!( സുജിത. - 9 L )
എന്താ കൂട്ടുകാരാ .......,മുട്ടിനോക്കുന്നോ....?(റിനീഷ് .C- 10. C)
' ആടു പാമ്പേ , ആടുപാമ്പേ '(ജിന്‍ഷാദ് -10 D )
താനാരാ...? സെക്യൂരിറ്റിയോ.....?(വൈശാഖ് . 9 . A)
'ഒരു സ്വകാര്യം കൂടി '(സ്രുതി. C- 8 .C)
' കാലത്തിന്റെ പുതിയ ഭാവത്തില്‍ ഇവര്‍ക്കുമുണ്ടൊരു കിന്നാരം'( നൂറുല്‍ ബദരി- 8. D )
സൗഹൃദത്താന്റെ കളിയൂഞ്ഞാല്‍ (ജിന്‍ഷ. A- 10. C )
ഞാനും ആള് കേമനാണ് ,കേട്ടോ.......?(മഞ്ജുഷ. T. V- 10. B )
പ്രകൃതിയിലെ ഒരു സൗഹൃദം (അഭിജിത്ത്. R. - 10. H )
' കൗതുകത്തോടെ ഇവര്‍ നേര്‍ക്കു നേര്‍ '( ഫസ്ന – 9. K )
ഉപദ്രവിക്കരുതേ അനിയാ......വിശ്വാസം അതല്ലേ എല്ലാം! “ ( സജിന്‍ -10. C )
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണോ ? (അരുണ്‍. K-9 H )
കൊത്തല്ലേ .....ചേട്ട്......(ഗീതു. - 9. E )
പുല്ല് തിന്ന് തിന്ന് കണ്ണില്‍ കണ്ടതെലാം തിന്നല്ലേ മോളേ......ഞാനും ജീവിച്ചു പോട്ടെ(ജിഷ്ണു. P -9 G )
ങ്ഹാ.....അതു ശരി അപ്പോള്‍ മനുഷ്യര്‍ തമ്മിലേ ‌ശത്രുതയുള്ളൂ............?(ഫര്‍സാമ. M -10. L )
പിന്നെ.....?എന്തുണ്ട് വിശേഷം.......?(ഷാന. M. T - 9. E)
ഞാനും ഇവിടെയുള്ളതു തന്നെയാ, വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ.....!( പ്രവീണ്‍. -8 L)
' അഭിമാനികള്‍ -നേര്‍ക്കുനേര്‍ '(മുബഷീറ. - 10. K)
' പാമ്പിനോ പശുപ്പേടി' (അരുണ്‍ കൃഷ്ണ -10. A)
'വിശ്വസിച്ചാലും ഇല്ലെങ്കിലും' (ഫസ്ന- 9. K, റാസിന- 9. K, നസീഫ് അഹമ്മദ്.9. K)

Wednesday 22 June 2011

കളിപ്പാട്ടങ്ങള്‍



സമയം 8.30 AM.
നഗര ഹൃദയത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നമ്പര്‍ ഫ്ലാറ്റില്‍ നിന്ന് പതിവു പരിഭവങ്ങളും പരിദേവനങ്ങളും കേള്‍ക്കാം -
“ഓ.. പ്രകാശ്, നീ ഇനിയും ഒരുങ്ങിയില്ലെ! നമ്മള്‍ ഇന്നും ലേറ്റാവും,ഷുവര്‍.”
ചുണ്ടില്‍ ലിപ്സ്റ്റിക് തേച്ച്, പട്ടുസാരിയുടുത്ത്, വാനിറ്റി ബാഗും തൂക്കി ജയലക്ഷ്മി പുറത്തേക്കു വന്നു.
" ജയാ, ഞാന്‍ എപ്പഴേ റെഡി!"- പ്രകാശ് തന്റെ ടൈ നേരെയാക്കിക്കൊണ്ടു പറഞ്ഞു.
"ശരി പോകാം. അല്ല ഈ സാരി എങ്ങനെയുണ്ട് പ്രകാശ്? "
"തരക്കേടില്ല.... ഓ, ഗോഡ് ! ടിന്റുമോന്‍ എണീറ്റിട്ടുകൂടിയില്ല! അവനെ ' ഡേ കെയറില്‍ ' ഏല്‍പ്പിക്കേണ്ടേ?"
"ഞാന്‍ അക്കാര്യം മറന്നു!" തലയ്ക്കു കൈകൊടുത്ത് അവള്‍ സോഫയിലേക്ക് അമര്‍ന്നിരുന്നു.
"നീയവിടെ ഇരിയ്ക്വാണോ ! വേഗം പല്ലുതേച്ച് കുളിപ്പിക്ക്."
"ഓ- എന്നെകൊണ്ടു വയ്യ! നിങ്ങളു പോയി എടുത്തോണ്ടുവാ. പല്ലു തേപ്പിക്കലും കുളിപ്പിക്കലുമൊക്കെ അവിടുത്തെ ആയമാര്‍ ചെയ്തോളും."
പ്രകാശ് മകനെ എടുത്തുകൊണ്ടുവന്നു. കാറില്‍ കയറിയിട്ടും ടിന്റുമോന്‍ ഉറക്കത്തിലാണ്!
വാഹനം ഓടിക്കൊണ്ടിരിക്കെ ജയലക്ഷ്മി പലതവണ കണ്ണാടി നോക്കി. അപ്പോഴേക്കും അവര്‍ 'പകല്‍വീടി'ന്റെ അങ്കണത്തിലെത്തിയിരുന്നു.
മധ്യവയസ്കയായ ഒരു സ്ത്രീ ടിന്റുമോനെ ഏറ്റു വാങ്ങി.അവരോട് പ്രകാശ് ടിന്റുമോനെ കുളിപ്പിക്കണം എന്നേ പറഞ്ഞൊള്ളു. 'പല്ലു തേപ്പിക്കണം' എന്നു പറയാന്‍ വിട്ടുപോയി!
ജയ അവന് ഒരുമ്മ കൊടുത്തു.എന്നിട്ട് പറഞ്ഞു,
"ടിന്റു, മമ്മി വൈകുന്നേരം വരാം.നല്ല കുട്ടിയായിരിക്കണം."
കാര്‍ പാഞ്ഞുപോയി. ആ കുഞ്ഞിനെ കുളിപ്പിച്ചു നിര്‍ത്തി. വയസ്സ് മൂന്നേ ആയിട്ടുള്ളു; എങ്കിലും അവന് അത്യാവശ്യം 'തിരിച്ചറിവു'ണ്ട്. നിരനിരയായി വെച്ചിട്ടുള്ള കളിപ്പാട്ടങ്ങളിലേക്ക് അവന്‍ നോക്കി. എല്ലാം വീട്ടിലുള്ളത്; കളിച്ചു മടുത്തത്. അവനെപ്പോലെതന്നെയുള്ള ഒരു പാവ അക്കൂട്ടത്തിലുണ്ടായിരുന്നു. അവന്‍ അതിനെ മാത്രം ശ്രദ്ധിച്ചു.
ഏതാണ്ട് നാലു വയസ്സുള്ള ഒരാണ്‍കുട്ടി അടുത്തു വന്ന് അവന്റെ കൈ പിടിച്ചിട്ടു പറഞ്ഞു.
"വാ, മ്മക്ക് കളിച്ചാം."
അവന്‍ കുതറിമാറി.
ചിത്രം:story2.jpg
ചുമരില്‍, ഒരമ്മ തന്റെ കുട്ടിയെ മടിയിലിരുത്തി ചോറൂട്ടുന്ന ചിത്രം ഉണ്ടായിരുന്നു. അവന്‍ കൊതിയോടെ അതു നോക്കിനിന്നു....
വൈകുന്നേരം അച്ഛനും അമ്മയും അവനെ 'ഏറ്റുവാങ്ങി.'
രാത്രി ജയ എന്തോ എവുതികൊണ്ടിരിക്കയായിരുന്നു. പതിവില്ലാത്ത ഒരു ചോദ്യം അവന്‍ ചോദിച്ചു.
"മമ്മീ, ഇച്ച് ചോറ് വാങ്ങിത്തര്വോ?"
"എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്! നീ തനിച്ചങ്ങു കഴിച്ചാല്‍ മതി."
എഴുത്തു കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ടിന്റു അതാ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്നു ! തൊട്ടുവിളിച്ചു ; അനക്കമില്ല ! കുലുക്കി വിളിച്ചു ; എന്നിട്ടും....
"പ്രകാശ് ,ഓടി വാ. നമ്മുടെ ടിന്റു....."
പ്രകാശ് പാഞ്ഞുവന്നു
"ജയേ, നീ പോയി കാറിന്റെ കീ എടുത്തോണ്ടു വാ."
*       *        *       *      *
ഡോക്ടര്‍ ഐ.സി.യു.വില്‍ നിന്ന് പുറത്തിറങ്ങി. ജയയും പ്രകാശും ഓടിച്ചെന്നു.
"ഡോക്ടര്‍, എന്തുപറ്റി എന്റെ മോന്? - ജയ ചോദിച്ചു.
"പേടിക്കാനൊന്നുമില്ല. ചെറിയൊരു മോഹാലസ്യം.ഇപ്പോള്‍ ബോധം തെളിഞ്ഞാണു കിടക്കുന്നത്..... ഒരു സംശയം - അബോധാവസ്ഥയില്‍ കുട്ടി 'ചോറ് വാരിത്തര്വോ?' എന്നു ചോദിക്കുന്നുണ്ടായിരുന്നു. ഒരിക്കലല്ല. പലതവണ! എന്തായിത്? എനിക്കു മനസ്സിലായില്ല.!"
എന്നാല്‍ ജയലക്ഷ്മിക്കു മനസ്സിലായി
"ഡോക്ടര്‍, ഞങ്ങള്‍ക്ക് കുട്ടിയെ കാണണം."- അവര്‍ ഒരുമിച്ച് ഒരേ സ്വരത്തിലാണു പറഞ്ഞത്!
"വരൂ."
അവര്‍ ഡോക്ടറുടെ പിന്നാലെ കയറിച്ചെന്നു.അവന്‍ എണീറ്റിരിക്കയായിരുന്നു. ജയലക്ഷ്മി ഓടിച്ചെന്ന് അവന്റെ ഇരു കവിളിലും ഉമ്മവെച്ചു ; അതിനിടയില്‍ ഡോക്ടര്‍ കേള്‍ക്കാതെ ചെവിയില്‍ മന്ത്രിച്ചു,
"ഇനി എന്നും ചോറ് വാരിത്തരാം ട്ടോ."
ചിത്രം:geethu.jpg
GEETHU. K STD - IX
G.H.S.S. POOKKOTTUMPADAM

Monday 20 June 2011

കഥാ കവിതാ രചനാ മത്സരം

കഥാ കവിതാ രചനാ മത്സരം 25/06/2011 ശനിയാഴ്ച പി.ടി.എ ഹാളില്‍ വെച്ച് നടക്കുന്നതാണ്. വിഷയം മത്സര സമയത്ത് നല്‍കുന്നതാണ്

സാഹിത്യ ക്വിസ് മത്സരം

സാഹിത്യ ക്വിസ് മത്സരം 22/06/2011 ബുധനാഴ്ച 12 മണിക്ക് സ്മാര്‍ട്ട് റൂമില്‍ വെച്ച് നടക്കുന്നതാണ്.
വിഷയം - കേരളീയ കലകള്‍

Thursday 16 June 2011

IT CLUB INAUGURATION

സ്ക്കൂള്‍ I T CLUB ഉദ്ഘാടനം ഇന്ന് 11 മണിക്ക് സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വെച്ച് നടക്കുന്നതാണ്.