ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Friday 24 June 2011

മിന്നാമിനുങ്ങുകള്‍


ദീപം...ദീപം
നിലവിളക്കുമായ് പൂമുഖത്തു വന്നമാലിനിയുടെ ശബ്ദം കേട്ടപ്പോഴാണ് സന്ധ്യയായത് അറിയുന്നത്.
അക്ഷരങ്ങള്‍ അവ്യക്തമായപ്പോള്‍ കസേര മുറ്റത്തേക്കിട്ടിരുന്നായി വായന. പേരു കേട്ട തറവാട്ടില്‍ പിറന്നിട്ടും ഉന്നത ബിരുദങ്ങള്‍‍ നേടിയിട്ടും, ജീവിത സായാഹ്നത്തില്‍ അന്തിയുറങ്ങാന്‍ പോലും ഇടമില്ലാതെ അലയുന്ന സാവിത്രിയമ്മയെ കുറിച്ചുള്ള ഫീച്ചര്‍ മുഴുവന്‍ വായിച്ചു തീര്‍ത്തു.

സാവിത്രിയമ്മയ്ക്ക് വീടും ധന സഹായവും വാഗ്ദാനം ചെയ്ത് ധാരാളം വ്യക്തികളും സംഘടനകളും മുന്നോട്ടു വരും. ആ വാര്‍ത്തകളുമായിട്ടായിരിക്കും ഇനിയുള്ള ദിവസങ്ങളിലെ പത്രങ്ങള്‍ പുറത്തിറങ്ങുക. പത്രം മടക്കിവെച്ച് കണ്ണടച്ച് കുറെ നേരമിരുന്നു. സാവിത്രിയമ്മ – കര്‍മഫലം - ദൈവം. ചിന്തകള്‍ കാടുകയറി. കണ്ണുതുറന്ന മെറുതെ അനന്തതയിലേക്ക് നോക്കി. അരണ്ട വെളിച്ചത്തില്‍ ഒരു പറ്റം പറവകള്‍ ചേക്കേറാനുള്ള ചില്ലകള്‍ തേടിപ്പോകുന്ന അവസാനത്തെ പക്ഷികള്‍. പറഞ്ഞുകേട്ടതും പാടിക്കേട്ടതും ഓര്‍മ്മയിലേക്കെത്തി. ആകാശത്തിലെ പറവകളെ നോക്കൂ. അവ വിതയ്ക്കുന്നില്ല. കൊയ്യുന്നില്ല,അന്തിയുറങ്ങാന്‍ ഇടമില്ലാത്ത പ്രശ്നം അവയ്ക്കില്ല. അതുകൊണ്ടാവും അവയെ കുറിച്ച് ആരും ഫീച്ചര്‍ എഴുതാത്തത്. " അച്ഛനെന്താ മുറ്റത്തിരുന്ന് ആലോചിച്ച് കൂട്ടുന്നത് ". കൊഴിഞ്ഞ പിച്ചകപ്പൂക്കള്‍ പെറുക്കുകയും കൊഴിയാനായവ ഇറുക്കുകയും ചെയ്യുന്ന നിരഞ്ജനയുടേതാണ് ചോദ്യം. മറുപടി ഒന്നും പറഞ്ഞില്ല. ഇന്ന് ദൈവത്തിന് എന്റെ വക പ്രത്യേക മാലയുണ്ട്. അവള്‍ ആരേടെന്നില്ലാതെ പറഞ്ഞു. " ഏട്ടന്റെ നാളത്തെ പരീക്ഷ എളുപ്പമാകാനാണോ മോളെ ദൈവത്തിന് മാല ?"

അതിനു മാത്രമല്ല, എല്ലാത്തിനും. എല്ലാത്തിനും എന്നതുകൊണ്ട് അവള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചില്ല. എല്ലാം എന്നാല്‍ എന്തൊക്കെ ഉള്‍പ്പെടും എന്ന് 12 വയസ്സേ ഉള്ളുവെങ്കിലും അവള്‍ക്ക് നന്നായി അറിയാം. " പൂവിറുക്കുമ്പോള്‍ അതിന് വേദനിക്കില്ലെ മോളെ? ".
    " പിന്നില്ലാതെ; അതുകൊണ്ടല്ലെ ഞാന്‍ ഈ നേരത്ത് പൂവിറുക്കുന്നത് ". അപ്പോള്‍ മോള്‍ നേരത്തെ പൂവിറുക്കാറില്ലെ.? " ഇല്ല ".
കൊള്ളാം, നല്ല കുട്ടി. മോള് അച്ഛന്‍ തന്ന സ്വാമിജിയുടെ ഉപദേശാമൃതം വായിച്ചിരിക്കും !. " ഞാനത് ഇതുവരെ തുറന്നു നോക്കിയിട്ടില്ല " .മറുപടി കേട്ടപ്പോള്‍ ആദ്യം അമ്പരന്നെങ്കിലും നിരഞ്ജനയെ കുറിച്ച് അഭിമാനമാണ് തോന്നിയത്. ആട്ടെ, ഏതു ദൈവത്തിനാ മോളെ ഇന്നത്തെ മാല? നമ്മുടെ ദൈവത്തിന്. നമ്മുടെ ദൈവമെന്നുവെച്ചാല്‍ ? എന്റെയും അച്ഛന്റെയും ദൈവം. അമ്മയുടെയും ഏട്ടന്റെയും ദൈവം. നിരഞ്ജന പെട്ടന്ന് വാചാലയായി. " എല്ലാവരുടെയും ദൈവം ഒന്നാണോ മോളെ? .എനിക്കറിയില്ലച്ഛാ.എനിക്കറിയില്ല " .എന്ന കണ്ടെത്തലാണു മോളെ പരമമായ അറിവ്. ഉം, തുടങ്ങി അച്ഛന്റെ വേദാന്തം.
ഏറെ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. അന്തരീക്ഷത്തില്‍ മിന്നമിനുങ്ങുകള്‍ മങ്ങിയും തെളിഞ്ഞും സഞ്ചരിക്കുന്നുണ്ട്.ഇരുട്ടിനെ കീറിമുറിക്കുന്ന രജതരേഖകള്‍. നിരഞ്ജന ശേഖരിച്ച പൂക്കള്‍കൊണ്ട് ശ്രദ്ധയോടെ മാലകെട്ടുകയാണ്. അവളുടെ മുഖത്തെ സംതൃപ്തിയും നിഷ്ക്കളങ്കതയും മറയ്ക്കാന്‍ ഒരു ഇരുട്ടിനും കഴിയില്ല.
ജി. സാബു.
അധ്യാപകന്‍.
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം

No comments:

Post a Comment