ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Tuesday 28 June 2011

                                പുലരിപ്പാട്ട്


എന്നുമെന്‍ സ്വപ്നപ്പുലരി കാണാന്‍
ഊണുമുറക്കമിളച്ചിരുന്നു
നാളുകളേറെക്കടന്നുപോയി
കാലങ്ങള്‍ നീളേയുരുണ്ടുപോയി
തോടും പുഴയുമൊഴുകിപ്പോയി
എന്‍ സ്വപ്നമൊന്നും ഫലിച്ചതില്ല.
എന്തു പറയേണ്ടു കൂട്ടുകാരേ ?
സ്വപ്നത്തിലുള്ള പുലരി കാണാന്‍
എന്നും കൊതിപൂണ്ടിരുന്നു ഞാനും.
ആരേയുമാരും ഭരിച്ചിടാത്ത
എല്ലാര്‍ക്കും എല്ലാം ലഭിച്ചിടുന്ന
പുത്തന്‍ പുലരി ഞാന്‍ സ്വപ്നം കണ്ടു.
ആസ്തിക്യം കൈമുതലായിട്ടുള്ള
കര്‍മ്മത്തെ മര്‍മ്മമായ് കണ്ടിട്ടുള്ള
ഭാരത നാട്ടിലാണെന്റെ ജന്‍മം.
ക്രിസ്തുവും കൃഷ്ണനുമുള്ള നാട്ടില്‍
ഗാന്ധിയും ഗോഡ്സേയുമുള്ള നാട്ടില്‍
വേദന തിന്നു വളര്‍ന്നു ഞാനും.
വാല്‍മീകി യോഗീ ജനിച്ച നാട്ടില്‍
ദാസനും ദണ്ടിയുമുള്ള നാട്ടില്‍
കാളിയും ദാസനുമുള്ള നാട്ടില്‍
പേരും പെരുമയുമുള്ള നാട്ടില്‍
കേളികേട്ടുള്ളൊരു ഭാരതത്തില്‍
ഭാരതനാട്ടിലെ കേരളത്തില്‍
കീര‍ത്തികളെങ്ങും പരന്നിരുന്നു.
അറബിലും റോമിലും കേട്ടിരുന്നു
വാണിജ്യമെല്ലാം നടന്നിരുന്നു.
ഭാരതനാട്ടിലക്കാലത്തിങ്കല്‍
ബാബറുമക്ബറും വാണിരുന്നു.
അക്കാലമാളുകള്‍ സ്വപ്നം കണ്ടു
പൊന്നും പുലരികള്‍ കാണ്‍മതിനായ്
ഇന്നു വരും നാളെ മറ്റന്നാളായ്
കോഴിക്കു മുലകള്‍ വരുന്നപോലെ
മുയലിന് കൊമ്പ് മുളയ്ക്കും പോലെ
എന്തു ഞാന്‍ ചൊല്ലേണ്ടു കൂട്ടുകാരേ
പൊന്നിന്‍ പുലരികള്‍ കാണ്‍മതിനായ്
വീണ്ടും ജനതകള്‍ കാത്തിരുന്നു.

കാറ്റുകളെല്ലാം മറിഞ്ഞുവീശി
ബുദ്ധികളെല്ലാം സ്വരൂപിച്ചിട്ട്
യന്ത്രങ്ങളൊന്നായ്പ്പിറന്നു വീണു
വെള്ളക്കാരെല്ലാമിടയരായി
ഭാരത മക്കളാമാടുകളെ
ഒന്നിച്ചുനിന്നു തെളിച്ചിരുന്നു.
പൊന്നും പുലരികള്‍ കാണ്‍മതിനായ്
അന്നും ജനങ്ങള്‍ കൊതിച്ചിരുന്നു.

കെട്ടുകള്‍ പൊട്ടിച്ചെറിയാനായി
ഒന്നിച്ചു നിന്നു കഴിഞ്ഞിരുന്നു
ഗാന്ധിതന്‍ നേതൃത്വമേറ്റുവാങ്ങി
ശാസ്ത്രങ്ങളില്ലാതടര്‍ക്കളത്തില്‍
ശാസ്ത്രമെന്നമ്പു തൊടുത്തുവിട്ടു,
വീര്യം പറഞ്ഞുള്ള വെള്ളക്കാരും
മുട്ടുമടക്കി മുടന്തി നിന്നു.
അപ്പോഴും കൂരിരുട്ടായിരുന്നു
അധികാരം സായിപ്പിന്‍ കൈയ്യില്‍നിന്നും
കാക്കി സായിപ്പിന്റെ കൈയ്യിലെത്തി
പൊന്നും പുലരികള്‍കാണ്‍മതിനായ്
അന്നും ജനങ്ങള്‍ കൊതിച്ചിരുന്നു.
പുലരി വിരിഞ്ഞില്ല പിന്നെയൊന്നും
വാഗ് ദാനമെല്ലാം മറഞ്ഞിരുന്നു.
കൂരിരുട്ടിന്റെ നിറങ്ങളെല്ലാം
ഏറ്റം കുഞ്ഞു നിരന്നുനിന്നു.


കെ.വി. രാജന്‍
അ‍ധ്യാപകന്‍

No comments:

Post a Comment