ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Friday 31 May 2013



അധ്യാപനം പ്രൊഫഷണല്‍ പദവിയിലേക്ക്;  
പ്രതിജ്ഞയ്ക്കും പെരുമാറ്റച്ചട്ടത്തിനും ശുപാര്‍ശ
 അനീഷ്‌ജേക്കബ്ബ്‌

 




തിരുവനന്തപുരം: അധ്യാപക ജോലി ഒരു പ്രൊഫഷനാക്കി മാറ്റാന്‍ തക്ക വിധത്തിലുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു. അധ്യാപക പരിശീലന കോഴ്‌സിന് പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തും. ഏഴാംക്ലാസുവരെ പഠിപ്പിക്കാനുള്ള യോഗ്യതയായ ടി. ടി. സിക്കാണ് എന്‍ട്രന്‍സ് പരീക്ഷ ഏര്‍പ്പെടുത്തുക. ടി. ടി. സിയുടെ പേരും മാറ്റുകയാണ്. ഇനി ഡി. എഡ് എന്നാണ് ഈ കോഴ്‌സ് അറിയപ്പെടുക. രണ്ട് വര്‍ഷ ഡി. എഡ് കോഴ്‌സ് സെമസ്റ്റര്‍ ആക്കുകയാണ്. നാല് സെമസ്റ്റര്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കരിക്കുലം കമ്മിറ്റി നിയോഗിച്ച ഉപസമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകളുള്ളത്. തീരുമാനം ഇനി സര്‍ക്കാര്‍തലത്തിലാണ് ഉണ്ടാകേണ്ടത്.

ബി. എഡിന്റെ മാതൃകയിലാണ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സായ ടി. ടി. സി യുടെ പേര് ഡിപ്ലോമ ഇന്‍ എഡ്യുക്കേഷന്‍ എന്നാക്കി മാറ്റുക. അധ്യാപക പരിശീലന കോഴ്‌സ് പാസായാലും ടെറ്റ് എന്ന അഭിരുചി പരീക്ഷകൂടി വിജയിച്ചാലേ നിലവില്‍ അധ്യാപകരാകാന്‍ കഴിയൂ. അക്കാദമിക യോഗ്യതകള്‍ നേടിയശേഷം അഭിരുചി പരീക്ഷയ്കകരുത്തുന്നതിനുപകരം അധ്യാപന രംഗത്തേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആദ്യമെ തന്നെ പരീക്ഷ നടത്തി അഭിരുചി നോക്കുന്നതാണ് ഉചിതമെന്നും ശുപാര്‍ശയുണ്ട്.

ബി. എഡിനുമുമ്പും അഭിരുചി പരീക്ഷ ഏര്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ അതിന് സര്‍വകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്.

ഡി. എഡ് കോഴ്‌സ് പാസായി വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ തന്നെ അധ്യാപകവൃത്തിയുടെ പരിപാവനത കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യിക്കണം. ഈ സര്‍ട്ടിഫിക്കറ്റ് അവര്‍ക്കു തന്നെ നല്‍കുകയും ചെയ്യും. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍കളുടെ മാതൃകയാണ് ഇക്കാര്യങ്ങളില്‍ അവലംബിക്കേണ്ടത്. കൂടാതെ മറ്റ് പ്രൊഫഷനുുകളില്‍ ഉള്ളതുപോലെ അധ്യാപകര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചശേഷവും ടി. ടി. സിയുടെ കരിക്കുലം പഴയരീതിയില്‍ തുടരുകയാണ്. പുതിയ പാഠ്യപദ്ധതിക്ക് അനുസൃതമായി ഇതും പരിഷ്‌കരിക്കണം. ഈ അധ്യയന വര്‍ഷം മുതല്‍ ടി. ടി. സി പരിഷ്‌കരിക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കരിക്കുലം കമ്മിറ്റി നിര്‍ദേശം സമര്‍പ്പിക്കാന്‍ ഉപസമിതിയെ നിയോഗിച്ചത്.

എന്നാല്‍ പതിവുപോലെ ടി. ടി. സി പ്രവേശനത്തിനുള്ള വിജ്ഞാപനം വന്നുകഴിഞ്ഞു. ഈ വര്‍ഷം തന്നെ പരിഷ്‌കരണം ഏര്‍പ്പെടുത്തണമെങ്കില്‍ വിജ്ഞാപനം തിരുത്തി പ്രസിദ്ധീകരിക്കേണ്ടിവരും. കോഴ്‌സ് പരിഷ്‌കരിച്ചില്ലെങ്കില്‍ ടി.ടി. സിയുടെ അംഗീകാരവും നഷ്ടപ്പെടാം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തീരുമാനം വേഗത്തില്‍ ഉണ്ടാകും. ഉപസമിതിയില്‍ വിദഗ്ദ്ധാംഗങ്ങള്‍ക്കുപുറമെ അധ്യാപക സംഘടനാ പ്രതിനിധികളായ എം.ഹരിഗോവിന്ദന്‍, ജെ.ശശി, എം ഷാജഹാന്‍, എ.കെ സൈനുദ്ദീന്‍ എന്നിവരും ഉണ്ടായിരുന്നു.

No comments:

Post a Comment