ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Friday 31 May 2013

പത്താം ക്ലാസില്‍ എഴുത്തുപരീക്ഷയ്ക്ക് 
പ്രത്യേക മിനിമം മാര്‍ക്ക് വരും
 തുളസീദേവി
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ എഴുത്തു പരീക്ഷയ്ക്ക് പ്രത്യേക മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പരീക്ഷാഫലത്തിന്റെ നിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. അധ്യാപകസംഘടനകളില്‍ നിന്നും മറ്റും ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സാധ്യത പരിഗണിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്താം ക്ലാസില്‍ ഓരോ വിഷയത്തിനും 50ല്‍ പത്തുമാര്‍ക്ക് ഇന്‍േറണല്‍ മാര്‍ക്കാണ്. പ്രോജക്ടുകള്‍, ക്ലാസ് അസൈന്‍മെന്റുകള്‍ , പരീക്ഷകള്‍ , പഠനപ്രവര്‍ത്തനങ്ങളുടെ നിലവാരം തുടങ്ങിയവ പരിശോധിച്ചാണ് ഈ മാര്‍ക്കുകള്‍ നല്‍കിയിരുന്നത്.

ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയ സമയത്ത് മാര്‍ക്കിടുന്ന രീതികള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ പ്രത്യേക സമിതികള്‍ രൂപവത്കരിച്ചിരുന്നു. ചില സ്‌കൂളുകളിലെങ്കിലും കൃത്യമായി പരിശോധനയും നടന്നിരുന്നു.

ഈ സമിതികള്‍ മിക്കതും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഈ സാഹചര്യത്തില്‍ ജയിക്കാന്‍ ആകെ അമ്പതില്‍ 15 മാര്‍ക്ക് വേണ്ടപ്പോള്‍ മിക്കവര്‍ക്കും ഇന്‍േറണല്‍ എട്ടു മാര്‍ക്കില്‍ കുറയാതെ ലഭിക്കും. പിന്നെ വിജയിക്കാന്‍ ആറോ ഏഴോ മാര്‍ക്ക് എഴുതി നേടിയാല്‍ മതിയെന്ന സ്ഥിതിയുണ്ടായി.

ഇത്തവണത്തെ പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്തത് ആകെ 24000 പേരാണ്. അവരില്‍ പലര്‍ക്കും ഇന്‍േറണല്‍ മാര്‍ക്ക് എട്ടുവരെ കിട്ടിയ സാഹചര്യത്തിലാണ് പരാതികള്‍ വീണ്ടും സജീവമായത്. ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അധ്യാപകസംഘടനകളോട് ഗവണ്‍മെന്റ് ആവശ്യപ്പെട്ടു.

ജൂണ്‍ പത്തിനകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങനെ നടത്തിയ ആലോചനകളിലാണ് എഴുത്തു പരീക്ഷ ജയിക്കാന്‍ പ്രത്യേക മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്ന നിര്‍ദ്ദേശം വന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഇപ്പോള്‍ ഈ സമ്പ്രദായം നിലവിലുണ്ട്.

No comments:

Post a Comment