ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Saturday 3 November 2012

 മാതൃഭൂമി സാഹിത്യ പുരസ്‌കാരം
 പ്രശസ്തനിരൂപക ഡോ. എം.ലീലാവതിക്ക്.

ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രശസ്തനിരൂപക ഡോ. എം.ലീലാവതിക്ക്. മഹാകവി അക്കിത്തം ചെയര്‍മാനും വിഷ്ണുനാരായണന്‍ നമ്പൂതിരി, കെ.പി. ശങ്കരന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം സംഭരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന സവിശേഷമായ നിരൂപണശൈലി പരിപോഷിപ്പിച്ച സാഹിത്യകാരിയാണ് ഡോ.എം.ലീലാവതിയെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജന പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം എസ്. ഗുപ്തന്‍നായര്‍ അവാര്‍ഡ്, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, ബഷീര്‍ അവാര്‍ഡ്, കൊല്‍ക്കത്ത ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ ജ്ഞാനപീഠ ജേതാവ് മഹാശ്വേതാദേവി പുരസ്‌കാരം നല്‍കും.

മദ്രാസ് യൂണിവേഴ്‌സിറ്റി, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. കവിതയും ശാസ്ത്രവും, വര്‍ണരാജി, മലയാള കവിതാ സാഹിത്യചരിത്രം, കവിതാരതി, ജി.യുടെ കാവ്യജീവിതം, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍, ഫെമിനിസം ചരിത്രപരമായ ഒരു അന്വേഷണം, ചെറുകാടിന്റെ നോവലിലെ സ്ത്രീകഥാപാത്രങ്ങള്‍, അസുരവിത്ത് ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, കവിതാധ്വനി തുടങ്ങി അനവധി ശ്രദ്ധേയ നിരൂപണഗ്രന്ഥങ്ങള്‍ ഡോ. എം. ലീലാവതിയുടെ സംഭാവനയായിട്ടുണ്ട്. പ്രമുഖ ശാസ്ത്രലേഖകനായിരുന്ന പരേതനായ സി.പി. മേനോനാണ് ഡോ. ലീലാവതിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ തൃക്കാക്കരയില്‍ താമസിക്കുന്നു.
     ഡോ. എം.ലീലാവതി ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍

No comments:

Post a Comment