ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Monday 18 June 2012


പ്ലസ്‌ സ്ടു പരീക്ഷകള്‍ക്ക് ഇനി പുതിയ സോഫ്റ്റ്‌വെയര്‍

മലപ്പുറം: വരാനിരിക്കുന്ന പ്ലസ്ടു പ്രധാന പരീക്ഷയ്ക്കും സേ പരീക്ഷയ്ക്കും പുതിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് തീരുമാനിച്ചു. നിലവിലുള്ള സ്വകാര്യ സോഫ്റ്റ്‌വെയര്‍ ഒഴിവാക്കേണ്ടിവന്നതാണ് കാരണം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി) വഴിയുള്ള സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുക. എന്നാല്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്ലസ്ടു സേ പരീക്ഷയുടെ ക്രമീകരണങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഇല്ലാതെ നടത്താന്‍ തീരുമാനിച്ചത് അധ്യാപകരെ ആശങ്കയിലാക്കുന്നുണ്ട്. പ്ലസ്‌വണ്‍ പ്രവേശനവും സേ പരീക്ഷയും ക്ലാസും നടക്കുന്നതിനാല്‍ കൃത്യസമയത്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതാണ് സംശയം.

അഞ്ചുവര്‍ഷത്തിലേറെയായി ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ നടപടികള്‍ തയ്യാറാക്കുന്നത് 'എച്ച്.എസ്.ഇ മാനേജര്‍' എന്ന സ്വകാര്യ സോഫ്റ്റ്‌വെയറാണ്. ഈ സോഫ്റ്റ്‌വെയര്‍ ഉടമകള്‍ ഇത്തവണ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഡയറക്ടറേറ്റിന് കഴിയാത്തതാണ് പുതിയ നീക്കത്തിന് കാരണം.

വിദ്യാര്‍ഥികളുടെ ഇരിപ്പിട ക്രമീകരണം, ഹാജര്‍ ഷീറ്റ്, പരീക്ഷാഡ്യൂട്ടി ക്രമീകരണം, സി.വി കവര്‍ തയ്യാറാക്കല്‍, പരീക്ഷാജോലി ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം നല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടത്തിയിരുന്നത് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്.

അഞ്ഞൂറിലധികം പരീക്ഷാകേന്ദ്രങ്ങളിലായി നൂറുകണക്കിന് കുട്ടികള്‍ സേ പരീക്ഷ എഴുതുന്നുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും ഇത്തവണ സേ പരീക്ഷ നടത്തുന്നുമുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള ഇംഗ്ലീഷ് പരീക്ഷയാണ് ആദ്യം. ഇതിനൊപ്പം പ്രവേശന ജോലികൂടി ചെയ്യാന്‍ പ്രയാസമായിരിക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ക്ലര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ അനുവദിക്കാത്തതിനാല്‍ അധ്യാപകര്‍ക്ക് ജോലി ഇരട്ടിയായിരിക്കും.

No comments:

Post a Comment