ഒരു ഗ്രാമത്തിന്‌ അക്ഷര വെളിച്ചം പകരുന്ന ഞങ്ങളുടെ വിദ്യാലയം, ജീവിതത്തില്‍ അക്ഷരത്തിന്റെ അഗ്നി പടര്‍ത്തുന്ന ഹൃദയാലയം. x

Thursday 29 September 2011

                               നവരാത്രി 

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ  അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ ശക്തിയുടെ  ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.

ദുര്‍ഗ, ഭദ്രകാളി, അമ്പ, അന്നപൂര്‍ണ, സര്‍വമംഗള, ഭൈരവി, ചന്ദിക, ലളിത, ഭവാനി എന്നിങ്ങനെ ദേവിയ്ക്ക് ഒമ്പത് മുഖങ്ങളുണ്ടെന്നാണ് സങ്കല്പം. വിവിധ ഭാവങ്ങളുടെ പ്രതീകങ്ങളായാണ് ഈ മുഖങ്ങള്‍ ഐതിഹ്യത്തില്‍ ചിത്രീകരിക്കപ്പെടുന്നത്. ദേവിയുടെ ഈ ഓരോ ഭാവതലവും ഈ നാളുകളില്‍ ആഘോഷിക്കപ്പെടുന്നു. ഉത്തരേന്ത്യയിലാണ് ഈ ഒമ്പത് ദിവസവും വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നത്.

ആഘോഷങ്ങള്‍ അവസാനിക്കുന്ന പത്താം ദിനത്തിലും വിവിധ ചടങ്ങുകളാണുള്ളത്. വിജയദശമി എന്നും ദസറ എന്നും ദസൈന്‍ എന്നും വിവിധ പേരുകളില്‍ ഈ ദിനം ആചരിക്കപ്പെടുന്നു.
കുട്ടിയെ  എഴുത്തിനുരുത്തി ഹരിശ്രീ കുറിക്കുന്നു




ആഘോഷരീതികള്‍

നവരാത്രി ദിനങ്ങളില്‍ പഴവും പാലും മാത്രം കഴിച്ച് ഒമ്പത് ദിവസവും ഉപവാസം അനുഷ്ഠിക്കുക പതിവാണ്. ഉപവാസം അനുഷ്ഠിക്കാത്തവരും മത്സ്യമാംസാദികള്‍ ഈ ദിനങ്ങളില്‍ വര്‍ജിക്കുന്നു.

മഹാനവമി ദിനത്തില്‍ നടത്തുന്ന ആയുധപൂജയാണ് നവരാത്രി ആഘോഷത്തിലെ പ്രധാനചടങ്ങ്.ആയുധങ്ങളും പുസ്തകങ്ങളും ദേവിക്ക് മുന്നില്‍ പൂജക്കായി വെക്കുന്നു. തങ്ങളുടെ കര്‍മമാര്‍ഗത്തില്‍ ദേവിയുടെ അനുഗ്രഹം തേടുക എന്ന ലക്ഷ്യത്തോടെയാണ് ആയുധപൂജ നടക്കുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ ദിനത്തില്‍ പ്രവൃത്തികളൊന്നും ചെയ്യാതെ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ദേവിക്ക് മുന്നില്‍ പൂജക്കായി വെക്കുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ചടങ്ങുകളാണ് ഈ ദിനങ്ങളിലുള്ളത്. ഉത്തരേന്ത്യയില്‍ എട്ടാമ്പതെ ഒമ്പതാമത്തെയോ ദിവസം അയല്‍പക്കത്തുള്ള ഒമ്പത് പെണ്‍കുട്ടികളെ വീടുകളിലേക്ക് ക്ഷിണിക്കുന്നു. ഇവരെ ദേവിയെ പോലെയാണ് വീടുകളില്‍ പരിചരിക്കുക. ഇവരുടെ കാല്‍പാദം കഴുകിയും ഭക്ഷണം നല്‍കിയും ഇവര്‍ക്ക് മുന്നില്‍ പ്രാര്‍ഥിച്ചും ഇവരെ ദേവീ സമാനരായി പരിചരിക്കുന്നു.

ഒരു ഐതിഹ്യപ്രകാരം നവരാത്രി ആഘോഷം ക്ഷത്രിയന്മാര്‍ക്കുള്ളതായിരുന്നു. നാല് മാസം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ കാലത്ത് ആയുധപരിശീലനം സാധ്യമല്ലാത്തതിനാല്‍ മണ്‍സൂണ്‍ കഴിഞ്ഞ് ആയുധപരിശീലനം തുടങ്ങാന്‍ അനുയോജ്യമായ ദിവസങ്ങളായി നവരാത്രി ദിനങ്ങളെ കണക്കാക്കിയിരുന്നു. ആയുധപൂജ എന്ന ചടങ്ങ് ക്ഷത്രിയരില്‍ നിന്നാണ് ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്.

ആയുധപരിശീലനം തുടങ്ങുന്നതിന് മുമ്പ് ക്ഷത്രിയര്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. പത്താമത്തെ ദിവസം ആയുധപരിശീലനം ആരംഭിക്കുന്നു.

രാമകഥയില്‍ നിന്നാണ് ആയുധപൂജ എന്ന സങ്കല്പമുണ്ടായത്. രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം രാവണനെ കൊല്ലാനുള്ള ശേഷി സംഭരിച്ചുവത്രെ. രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണന്റെ പ്രതിമയും കത്തിക്കുന്ന ചടങ്ങ് ഉത്തരേന്ത്യയില്‍ ആചരിക്കപ്പെടുന്നത്.


കേരളത്തില്‍ വിജയദശമി വിദ്യാരംഭ ദിനമായും കൊണ്ടാടപ്പെടുന്നു. കൊച്ചുകുട്ടികളുടെ നാവില്‍ ഹരിശ്രീയെഴുതിയാണ് വിദ്യാരംഭം നടത്തുന്നത്. മതഭേദമില്ലാതെ കേരളത്തില്‍ ഇന്ന് ആചരിക്കപ്പെടുന്ന ചടങ്ങാണിത്. വീടുകളിലെ മുതിര്‍ന്നവര്‍ ആണ് ആദ്യകാലങ്ങളില്‍ കുട്ടികളുടെ നാവില്‍ ഹരിശ്രീ കുറിച്ചിരുന്നത്. ഇന്ന് വിദ്യാരംഭം പൊതുചടങ്ങായി ആചരിക്കപ്പെടുന്നു. സാഹിത്യ അക്കാദമിയിലും തുഞ്ചന്‍ പറമ്പിലും സാംസ്കാരിക നായകര്‍ ഹരിശ്രീയെഴുതിക്കുന്ന പതിവ് ഇന്നുണ്ട്.


നവരാത്രി സംഗീതോത്സവം

നവരാത്രി നാളുകളിലെ സംഗീതോത്സവങ്ങള്‍ ആണ് കേരളത്തിലെ നവരാത്രി ആഘോഷത്തിന്റെ ഒരു പ്രത്യേകത. ഇതില്‍ ഏറ്റവും പ്രശസ്തം തിരുവനന്തപുരത്ത് നടക്കുന്ന നവരാത്രി സംഗീതോത്സവമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കുതിരമാളികയിലെ നവരാത്രി മണ്ഡപത്തിലാണ് സംഗീതോത്സവം നടക്കുന്നത്. സ്വാതി തിരുനാള്‍ മഹാരാജാവ് നവരാത്രി സംഗീതോത്സവം നടത്താനായി പണിതതാണ് നവരാത്രി മണ്ഡപം.

ഒമ്പത് നവരാത്രി നാളുകളിലായി നീണ്ടുനില്‍ക്കുന്ന സംഗീതോത്സവത്തില്‍ പ്രശസ്തരായ കര്‍ണാടകസംഗീതജ്ഞര്‍ പങ്കെടുക്കുക പതിവാണ്. ദക്ഷിണേന്ത്യയിലെ സംഗീതോത്സവങ്ങളില്‍ ഏറെ പ്രശസ്തമാണ് നവരാത്രി സംഗീതോത്സവം.

കേരളത്തിലെ ചില ദേവീ ക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഗീതോത്സവം നടത്താറുണ്ട്.
    
നോട്‌  കടപ്പാട്

No comments:

Post a Comment